Liturgical Calendar

Daily Readings for Saturday March 25,2017

Gospel, ലൂക്കാ 1:26-38 : യേശുവിന്റെ ജനനത്തെക്കുറിച്ച്അറിയിപ്പ്


26 : ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍,

27 : ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു.

28 : ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!

29 : ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ഥം എന്ന് അവള്‍ ചിന്തിച്ചു.

30 : ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.

31 : നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.

32 : അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.

33 : യാക്കോ ബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല.

34 : മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.

35 : ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അഃ്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.

36 : ഇതാ, നിന്റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്.

37 : ദൈവത്തിന് ഒന്നും അസാധ്യമല്ല.

38 : മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.


Reading 3, ഹെബ്രാ 1:1-13 : തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു

1 : പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്.  

2 : എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്നു സകലത്തിന്റെയും അവകാശിയായി നിയമിക്കുകയും അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു.  

3 : അവന്‍ അവിടുത്തെ മഹത്വത്തിന്റെ തേജസ്‌സും സത്തയുടെ മുദ്രയുമാണ്. തന്റെ ശക്തിയുടെ വചനത്താല്‍ അവന്‍ എല്ലാറ്റിനെയും താങ്ങിനിറുത്തുന്നു. പാപങ്ങളില്‍നിന്നു നമ്മെ ശുദ്ധീകരിച്ചതിനു ശേഷം അത്യുന്നതങ്ങളിലുള്ള മഹത്വത്തിന്റെ വലത്തുഭാഗത്ത് അവന്‍ ഉപവിഷ്ടനായി.  

4 : അവന്‍ അവകാശമാക്കിയ നാമം ദൈവദൂതന്‍മാരുടേതിനേക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നതുപോലെ അവനും അവരെക്കാള്‍ ശ്രേഷ്ഠനാണ്.  

5 : ഏത് ദൂതനോടാണ് നീ എന്റെ പുത്രനാണ്, ഇന്നു ഞാന്‍ നിനക്കു ജന്‍മമേകി എന്നും ഞാന്‍ അവനു പിതാവും, അവന്‍ എനിക്കു പുത്രനുമായിരിക്കും എന്നും ദൈവം അരുളിച്ചെയ്തിട്ടുള്ളത്?  

6 : വീണ്ടും, തന്റെ ആദ്യജാതനെ ലോകത്തിലേക്ക് അയച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ദൈവത്തിന്റെ ദൂതന്‍മാരെല്ലാം അവനെ ആരാധിക്കട്ടെ.  

7 : അവിടുന്നു തന്റെ ദൂതന്‍മാരെ കാറ്റും ശുശ്രൂഷകരെ തീനാളങ്ങളും ആക്കുന്നു എന്നു ദൂതന്‍മാരെക്കുറിച്ചു പറഞ്ഞിരിക്കുന്നു. 

8 : എന്നാല്‍, പുത്രനെപ്പറ്റി പറയുന്നു: ദൈവമേ, അങ്ങയുടെ സിംഹാസനം എന്നേക്കും നിലനില്‍ക്കുന്നു. അങ്ങയുടെ രാജ്യത്തിന്റെ ചെങ്കോല്‍ നീതിയുടെ ചെങ്കോലാണ്.  

9 : അങ്ങു നീതിയെ സ്‌നേഹിച്ചു; അനീതിയെ വെറുത്തു. അതിനാല്‍, അങ്ങയുടെ സ്‌നേഹിതരെക്കാള്‍ അധികമായി സന്തോഷത്തിന്റെ തൈലം കൊണ്ടു ദൈവം, അങ്ങയുടെ ദൈവം, അങ്ങയെ അഭിഷേകം ചെയ്തിരിക്കുന്നു.  

10 : കര്‍ത്താവേ, ആദിയില്‍ അങ്ങു ഭൂമിക്ക് അടിസ്ഥാനമിട്ടു. ആകാശം അങ്ങയുടെ കരവേലയാണ്.  

11 : അവയൊക്കെ നശിക്കും. അങ്ങുമാത്രം നിലനില്‍ക്കും. വസ്ത്രംപോലെ അവ പഴകിപ്പോകും.  

12 : മേലങ്കിപോലെ അങ്ങ് അവയെ മടക്കും. വസ്ത്രംപോലെ അവ മാറ്റപ്പെടും. എന്നാല്‍, അങ്ങേക്കു മാറ്റമില്ല. അങ്ങയുടെ വത്‌സരങ്ങള്‍ അവസാനിക്കുകയുമില്ല.  

13 : നിന്റെ ശത്രുക്കളെ ഞാന്‍ നിനക്കു പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്കുക എന്ന് ഏതു ദൂതനോടാണ് എപ്പോഴെങ്കിലും അവിടുന്നു പറഞ്ഞിട്ടുള്ളത്?  


Reading 2, അപ്പ. പ്ര 1:11-14 : പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുന്ന ശിഷ്യർ

11 : പറഞ്ഞു : അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്‍ക്കുന്നതെന്ത്? നിങ്ങളില്‍നിന്നു സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വര്‍ഗത്തിലേക്ക്‌പോകുന്നതായി നിങ്ങള്‍ കണ്ട തുപോലെതന്നെതിരിച്ചുവരും.  

12 : അവര്‍ ഒലിവുമലയില്‍ നിന്നു ജറുസലെമിലേക്കു മടങ്ങിപ്പോയി; ഇവ തമ്മില്‍ ഒരു സാബത്തുദിവസത്തെയാത്രാദൂരമാണു ള്ളത്.  

13 : അവര്‍ പട്ടണത്തിലെത്തി, തങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെനിലയിലുള്ള മുറിയില്‍ ചെന്നു. അവര്‍, പത്രോസ്, യോഹന്നാന്‍, യാക്കോബ്, അന്ത്രയോസ്, പീലിപ്പോസ്, തോമസ്, ബര്‍ത്തലോമിയോ, മത്തായി, ഹല്‍പൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായ ശിമയോന്‍, യാക്കോബിന്റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു.  

14 : ഇവര്‍ ഏകമനസ്‌സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു.  


Reading 1, പുറ 15:11-21 : ഇസ്രയേലിനെ നയിക്കുന്ന സർവശക്തനായ ദൈവം

11 : കര്‍ത്താവേ, ദേവന്‍മാരില്‍ അങ്ങേക്കുതുല്യനായി ആരുണ്ട്? കര്‍ത്താവേ, വിശുദ്ധിയാല്‍ മഹത്വപൂര്‍ണനും, ശക്തമായ പ്രവര്‍ത്തനങ്ങളില്‍ ഭീതിദനും, അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനുമായ അങ്ങേക്കു തുല്യനായി ആരുണ്ട്?  

12 : അങ്ങു വലത്തുകൈ നീട്ടി; ഭൂമി അവരെ വിഴുങ്ങി.  

13 : അങ്ങു വീണ്ടെടുത്ത ജനത്തെ കാരുണ്യത്തോടെ അങ്ങു നയിച്ചു; അങ്ങയുടെ വിശുദ്ധ വസതിയിലേക്ക് ശക്തിയാല്‍ അവിടുന്ന് അവരെ നയിച്ചു.  

14 : ഇതുകേട്ട ജനതകള്‍ ഭയന്നുവിറച്ചു. ഫിലിസ്ത്യര്‍ ആകുലരായി. ഏദോം പ്രഭുക്കന്‍മാര്‍ പരിഭ്രാന്തരായി.  

15 : മൊവാബിലെ പ്രബലന്‍മാര്‍ കിടിലംകൊണ്ടു. കാനാന്‍നിവാസികള്‍ മൃതപ്രായരായി.  

16 : അങ്ങയുടെ ജനം കടന്നുപോകുന്നതുവരെ, കര്‍ത്താവേ അങ്ങു വീണ്ടെടുത്ത ജനം കടന്നു പോകുന്നതുവരെ, ഭീതിയും പരിഭ്രാന്തിയും അവരെ കീഴ്‌പെടുത്തുന്നു; അങ്ങയുടെ കരത്തിന്റെ ശക്തി അവരെ ശിലാതുല്യം നിശ്ചലരാക്കുന്നു.  

17 : കര്‍ത്താവേ, അങ്ങ് അവരെ കൊണ്ടുവന്ന് അങ്ങയുടെ വിശുദ്ധ മലയില്‍, അങ്ങേക്കു വസിക്കാനായി ഒരുക്കിയിരിക്കുന്ന സ്ഥലത്ത്, അങ്ങയുടെ കരങ്ങള്‍ സ്ഥാപിച്ചവിശുദ്ധ മന്ദിരത്തില്‍ അവരെ നട്ടുപിടിപ്പിക്കും.  

18 : കര്‍ത്താവ്, എന്നേക്കും രാജാവായി ഭരിക്കും.  

19 : ഫറവോയുടെ കുതിരകള്‍ തേരുകളോടും പടയാളികളോടുമൊന്നിച്ചു കടലിലേക്കിറങ്ങിച്ചെന്നപ്പോള്‍, കര്‍ത്താവു കടല്‍വെള്ളം അവരുടെ മേല്‍ തിരികെപ്പായിച്ചു. എന്നാല്‍, ഇസ്രായേല്‍ജനം കടലിന്റെ നടുവേ വരണ്ട ഭൂമിയിലൂടെ കടന്നുപോയി.  

20 : അപ്പോള്‍ പ്രവാചികയും അഹറോന്റെ സഹോദരിയുമായ മിരിയാം തപ്പു കൈയിലെടുത്തു; സ്ത്രീകളെല്ലാവരും തപ്പുകളെടുത്തു നൃത്തംചെയ്തുകൊണ്ട് അവളെ അനുഗമിച്ചു.  

21 : മിരിയാം അവര്‍ക്കു പാടിക്കൊടുത്തു: കര്‍ത്താവിനെ പാടിസ്തുതിക്കുവിന്‍; എന്തെന്നാല്‍, അവിടുന്നു മഹത്വപൂര്‍ണമായ വിജയം നേടിയിരിക്കുന്നു. കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.